തിരുവനന്തപുരം: അമ്മ എന്നാൽ സ്നേഹമാണ്, സ്നേഹം മാത്രമാണ് എന്ന് ഒരു കുട്ടി തിരിച്ചറിയുന്ന ഒരു നിമിഷം ഉണ്ട്. അത് ജീവിതത്തിന്റെ മഹാ സുകൃതം. ബാല്യത്തിൽ ഈ തേൻ മധുരം നുകരുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് കവി പ്രഭാവർമയ്ക്ക്. അങ്ങനെയാണ് പ്രഭാവർമയുടെ ‘അപരിഗ്രഹം ’ എന്ന കവിത പിറന്നത്.
“ഇരുട്ടത്തെങ്ങ് നീ ഒറ്റപ്പെട്ടു
പോയെന്റെ ഉണ്ണി നീ
അമ്മ വാരിയെടുത്തുമ്മ വച്ച് ചോദിച്ചത് ഓർപ്പു ഞാൻ
വിങ്ങലും തേങ്ങലും കണ്ണുനീരുമ്മയും... ആദ്യമായി ഞാൻ കണ്ണുനീരിലെ ഉപ്പിങ്കൽ തേനിനിപ്പ് രുചിച്ചുവോ?” എന്ന ‘അപരിഗ്രഹ’ത്തിലെ വരികൾ വായനക്കാരുടെ കണ്ണ് നിറയ്ക്കുന്നതും!
ഈ മാതൃദിനത്തിൽ അപരിഗ്രഹം എന്ന കവിതയിൽ ഊറി നിൽക്കുന്ന അമ്മയുടെ സ്നേഹത്തെക്കുറിച്ച് പ്രഭാ വർമ പറയുന്നു.
“തിരുവല്ലയിലാണ് ഞങ്ങളുടെ കുടുംബം. കുട്ടിക്കാലത്ത് അടുത്തുള്ള ക്ഷേത്രത്തിലെ വിളക്ക് തെളിയിക്കാനായി അമ്മ എന്റെ കൈയിൽ ഒരു ഓടത്തിൽ നിറയെ എണ്ണ നൽകി. സന്ധ്യാ ദീപാരാധനയ്ക്കുമുമ്പ് തിരി തെളിയിക്കാനായി ചെറിയ ഓട്ടുപാത്രത്തിലെ എണ്ണയുമായി ഞാൻ പുറപ്പെടുകയും ചെയ്തു. എന്നാൽ വഴിയിൽ കൂട്ടുകാരെ കണ്ട് അവർക്കൊപ്പം പന്ത് കളിച്ചും മറ്റും കൂടി. കളിച്ച് തിമിർക്കുമ്പോൾ അമ്മ തന്നയച്ച ഓടത്തിലെ എണ്ണയെക്കുറിച്ച് ഞാൻ മറന്നേപോയി എന്നതാണ് സത്യം.
സന്ധ്യ മയങ്ങിയ നേരത്ത് കളിക്കൂട്ടുകാരിൽ ആരോ പറഞ്ഞു. ‘നേരം വൈകിയിട്ടും എന്നെ കാണാത്തതു കൊണ്ട് അമ്മ ഒരു ചൂരൽ വടിയുമായി എന്നെ തല്ലാനായി വരികയാണെന്ന്. കുട്ടിയല്ലേ വല്ലാതെ പേടിച്ചുപോയി ഞാൻ. കളിക്കളത്തിന് അരികിൽ വച്ചിരുന്ന ഓടവും എടുത്ത് ക്ഷേത്രത്തിലേക്ക് വേഗം നടന്നെത്തിയെങ്കിലും അപ്പോഴേക്കും സന്ധ്യാദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് ശ്രീ കോവിൽ അടച്ചിരുന്നു.
ചുറ്റമ്പലത്തിൽ കത്തിത്തീർന്ന്, പുകഞ്ഞു കൊണ്ടിരിക്കുന്ന കരിന്തിരി വിളക്കുകൾ കണ്ടു.എന്റെ കൈയിലെ എണ്ണ എവിടേക്കാണ് പകരേണ്ടത് എന്നറിയാതെ ഞാൻ അമ്പരന്ന് നിന്നു. എവിടെയെങ്കിലും ഒഴിച്ചു കളയാം, അല്ലെങ്കിൽ അമ്മ നല്കിയ എണ്ണ ഒഴിച്ച് വിളക്ക് തെളിയിച്ചു എന്ന് കള്ളം പറയാമെന്നും ഒക്കെ കരുതി.
അങ്ങനെ ഓരോരോ ചിന്തകളുമായി ഇരുളിലൂടെ ഞാൻ നടന്നു. കൈയിൽ ചൂരലുമായി എത്തി എന്നെ പൊതിര തല്ലുന്ന അമ്മയുടെ രൂപമായിരുന്നു ഉള്ള് നിറയെ. പെട്ടെന്നാണ് ദൂരെനിന്ന് ഓടിവരുന്ന അമ്മയെ ഞാൻ കണ്ടത്. വല്ലാതെ പരവശയായിരുന്നു അമ്മ. എന്നെ അന്വേഷിച്ച് നടന്നു നടന്നു ക്ഷീണിച്ചിരുന്നു അമ്മ. കണ്ടയുടനെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.
“ഈ ഇരുട്ടിൽ ഒറ്റപ്പെട്ട് എന്റെ കുട്ടി എന്ത് ചെയ്യുകയാണ്” എന്ന കണ്ണുനീരിൽ കുതിർന്ന അമ്മയുടെ വാക്കുകൾ ഞാൻ കേട്ടു...എന്റെ കണ്ണുകളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങുകയായിരുന്നു..
അമ്മയുടെ കണ്ണുനീരിലെ ഉപ്പിൽ പക്ഷേ തേനിന്റെ മധുരമാണു ഞാൻ നുകർന്നത്. ആ മധുരമാണ് പിന്നീട് എന്നെക്കൊണ്ട് അപരിഗ്രഹം എഴുതിച്ചത് എന്ന് പറയാം. കുട്ടികൾ പലതരത്തിലും പീഡിപ്പിക്കപ്പെടുന്ന ഹൃദയഭേദകമായ വാർത്തകൾ കേൾക്കുമ്പോൾ ഒരമ്മ നൽകുന്ന സ്നേഹത്തിന്റെയും സംരക്ഷണത്തിനും വില ഞാൻ തിരിച്ചറിയുന്നുണ്ട്”
കവിയുടെ വാക്കുകൾ.
സത്യമാണ്. അമ്മയുടെ സ്നേഹ കരുതലിന്റെ ഓർമയല്ലേ, അനിവാര്യതയല്ലേ
‘അപരിഗ്രഹ’ത്തിനൊടുവിൽ ഇങ്ങനെ ഒരു പ്രാർഥനയായി മാറുന്നതും...
“എന്റെ കൈയിലെ ഓടത്തിൽ
എണ്ണ നിന്നു തുളുമ്പവെ ,
എണ്ണ വറ്റിക്കെടാൻ പാടില്ലൊരു കൈത്തിരി നാളവും.”